Unnayiwarrier Sampoorna Krithikal
Author: T. Venugopal
കേരളത്തിന്റെ സാംസ്‌കാരികപൈതൃകത്തിലേക്ക് ഇരിങ്ങാലക്കുടയുടെ സംഭാവന, ആട്ടക്കഥകളുടെ കൂട്ടത്തില്‍ നളചരിതം എന്ന കാല്പനികകഥയിലൂടെ അവതരണത്തിനുള്ള സാഹിത്യം നല്‍കിയെന്നതാണ്. സത്ഗുണങ്ങളുടെ ആധിക്യമുള്ള നായികാനായകന്മാര്‍ക്ക് പ്രേമസാഫല്യം നേടുവാന്‍ ഈശ്വരന്മാര്‍പോലും വഴിമാറിക്കൊടുക്കുമ്പോള്‍ പ്രതിലോമശക്തികള്‍ കാത്തിരുന്ന് അവരെ തമ്മിലകറ്റി. നന്മ ഒന്നുകൊണ്ടുമാത്രം വിധി സൃഷ്ടിച്ച തടസ്സങ്ങളെല്ലാം അതിജീവിച്ച് ജീവിതം പ്രവാഹതടസ്സമില്ലാത്ത നദിയായി ഒഴുകുന്ന കഥയാണ് നളചരിതം. കാല്പനികപ്രേമത്തില്‍നിന്നും ഉദാത്തപ്രേമത്തിന്റെ ആവിഷ്‌കാരത്തിലേക്കുള്ള ചുവടുവയ്പാണ് ഗിരിജാകല്യാണം ഗീത പ്രബന്ധം. നളചരിതത്തിന്റെ ഭാഷയില്‍നിന്നും വ്യത്യസ്തമായ ഭാഷയാണ് ഗീത പ്രബന്ധത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വര്‍ണ്ണനകള്‍ക്കും സംഭാഷണത്തിനും പ്രാധാന്യമുള്ള ഗീത പ്രബന്ധത്തില്‍ വധുവിനെ ഒരുക്കല്‍, വിവാഹഘോഷയാത്ര എന്നിവയുടെ വര്‍ണ്ണനകള്‍ ശ്രദ്ധേയമാണ്.