മാതൃകാഭക്ഷണക്രമത്തിന് ഒരു സൂചകം

ചേരാത്ത ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞു. 'ചേരുന്ന ഭക്ഷണം ഏതാണീശ്വരാ...' എന്നു തോന്നുന്നുവോ? ഭക്ഷണരീതിക്ക് സ്വീകരിക്കാവുന്ന ഒരു ക്രമം ആദ്യം പരിചയപ്പെടാം.

o_7ab1270f071cd020-0

നല്ല ഭക്ഷണക്രമം

ഒരുനേരം പഴങ്ങള്‍ മാത്രം കഴിക്കുക. അതതു ദേശത്ത് എളുപ്പം കിട്ടുന്ന നാടന്‍പഴങ്ങള്‍ മതി. ചക്കയും മാങ്ങയും പേരയ്ക്കയും കൈതച്ചക്കയും വാഴപ്പഴങ്ങളും പാഷന്‍ ഫ്രൂട്ടും ഇല്ലാത്ത സ്ഥല ങ്ങള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. പ്രകൃതിയില്‍ പഴങ്ങള്‍ ഇല്ലാത്ത കാലത്ത്, എല്ലാ കാലത്തുമുള്ള പച്ചക്കറിയെ ആശ്രയിക്കാം. ഒരു നേരം ധാരാളം പച്ചക്കറികള്‍ വേവിക്കാത്തതും (സാലഡ്) വേവിച്ചതും കഴിക്കുക. നാളികേരച്ചമ്മന്തിയും വേണം. അരി/ഗോതമ്പ്/റാഗി ഇവയിലൊന്നിന്റെ ചോറോ കഞ്ഞിയോ ചപ്പാത്തിയോ ഉണ്ടാകണം, കൂടെ ഇലക്കറികളും. ധാന്യങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ ഏതെങ്കിലും കിഴങ്ങുകള്‍ കഴിക്കാം. പയറുവര്‍ഗങ്ങള്‍ ഇക്കൂട്ടത്തില്‍ വേണ്ട. അന്നജവും മാംസ്യവും ചേരില്ല എന്നത് ഓര്‍ക്കുക.

അടുത്ത നേരം, വേവിക്കാത്തതും വേവിച്ചതുമായ ധാരാളം പച്ചക്കറികള്‍ കഴിക്കുക. നാളികേരം ചിരകിയതോ ചമ്മന്തിയോ, ഏതെങ്കിലും ഒന്നു വേണം. കപ്പലണ്ടി (നിലക്കടല), ചെറുപയര്‍, വന്‍പയര്‍, മുതിര ഇവയിലൊന്ന് മുളപ്പിച്ചോ വേവിച്ചോ കഴിക്കാം. ഇലക്കറികള്‍ ഉണ്ടാകണമെന്ന് പറയേണ്ടതില്ലല്ലോ. ധാന്യം അപ്പോള്‍ പാടില്ല.

ഇന്നനേരം ഇന്നഭക്ഷണം എന്ന നിര്‍ബന്ധബുദ്ധി വേണ്ട. വിശപ്പ്, ലഭ്യത, തൊഴില്‍ എന്നിവ അനുസരിച്ച് പ്രാതലും മുത്താഴവും അത്താഴവും മാറി മാറി വരുന്നതില്‍ ദോഷമില്ല. മൂന്നു നേരം ഭക്ഷിക്കുന്നവര്‍ ധാന്യഭക്ഷണം ഉച്ചയ്ക്കാക്കുന്നതാണ് നല്ലത്.

ആഹാരത്തിന്റെ ശാസ്ത്രീയത

ഒരു ലായനിയിലെ അമ്ലത്തിന്റെയും ക്ഷാരത്തിന്റെയും അളവ് കണക്കാക്കുന്ന സൂചകമാണ് Ph മൂല്യം. ഡോ. സോറന്‍സണ്‍ എന്ന ശാസ്ത്രജ്ഞനാണ് Ph സ്‌കെയില്‍ രീതി ആവിഷ്‌കരിച്ചത്. ശുദ്ധ ജലത്തിന്റെ Ph മൂല്യം 7 ആയി കണക്കാക്കുന്നു. 7 ആണ് നോര്‍മല്‍. ഏഴില്‍ താഴെയായാല്‍ ആസിഡ് സ്വഭാവവും, മേലെയായാല്‍ ആല്‍ ക്കലി സ്വഭാവവും കാണിക്കുന്നു.

ദഹനവ്യവസ്ഥയില്‍ ദഹനരസങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. പെപ്‌സിന്‍ അമ്ലമാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ദഹനരസമാണ്. വീര്യമാര്‍ന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെ സാന്നിധ്യത്തിലാണ് പെപ്‌സിന്‍ ആമാശയത്തില്‍ പ്രോട്ടീന്‍ (പയര്‍) ദഹിപ്പിക്കുന്നത്. ടയാലിന്‍ എന്ന ദഹനരസം ക്ഷാരമാധ്യമത്തിലാണ് പ്രവര്‍ത്തനനിരതമാകുക. കാര്‍ബോഹൈഡ്രേറ്റിനെ (കഞ്ഞി) ദഹിപ്പിക്കുന്നത് ഈ ദഹനരസമാണ്.

അന്നജപ്രധാനമായ ഭക്ഷണത്തോടൊപ്പം മാംസ്യപ്രധാനമായ ഭക്ഷണം കഴിക്കുമ്പോള്‍, ഇവ ദഹിപ്പിക്കാനുള്ള രണ്ടുതരം ദഹനരസങ്ങള്‍ ഒരേസമയം ഊറിവരികയില്ല. ഇവ പ്രവര്‍ത്തിക്കുന്ന മാധ്യമം വ്യത്യസ്തമാണ്. വ്യത്യസ്ത Ph മൂല്യമാണ് ഇവയെ പ്രവര്‍ ത്തിപ്പിക്കുന്നത്. ഇനി ഈ ദഹനരസങ്ങള്‍ ഊറിവന്നാല്‍ത്തന്നെ ആസിഡ് ആല്‍ക്കലിയുമായി പ്രതിപ്രവര്‍ത്തിച്ച് നിര്‍വീര്യമായാല്‍ ഒരു ഭക്ഷണവും ദഹിക്കില്ല.

അന്നജത്തോടൊപ്പം മാംസ്യം വായില്‍വച്ച് ചവച്ചരയ്ക്കുമ്പോള്‍ ക്ഷാരമാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ടയാലിന്‍ ഊറിവരികയില്ല. ഏതെങ്കിലും നിലയില്‍ മാള്‍ട്ടോസ് (എന്‍സൈം) ആയി മാറിയ കാര്‍ബോഹൈഡ്രേറ്റ് പെപ്‌സിന് പ്രവര്‍ത്തിക്കാനുള്ള അമ്ലമാധ്യമം നഷ്ടപ്പെടുത്തുകയും ചെയ്യും. കൂട്ടിക്കലര്‍ത്തിയ ഭക്ഷണത്തില്‍ നിന്ന് തിരഞ്ഞുപിടിച്ച് മാംസ്യം ദഹിപ്പിക്കുന്ന രീതി ആമാശയത്തിനില്ല. പ്രോട്ടീന്‍ മാത്രമായ ഭക്ഷണമാണെങ്കില്‍ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സാന്നിധ്യത്തില്‍ റെനിന്‍, പെപ് സിന്‍ എന്നീ ദഹനരസങ്ങള്‍ ദഹനപ്രക്രിയയില്‍ ഭംഗിയായി പങ്കെടുക്കും. ഇല്ലെങ്കില്‍ പ്രതിപ്രവര്‍ത്തിക്കും.

തെറ്റായ ചേരുവ ചേര്‍ത്ത ഭക്ഷണം പക്വാശയത്തില്‍ എത്തുമ്പോഴോ? അവിടെ അന്നജം ദഹിപ്പിക്കാനുള്ളതും മാംസ്യം ദഹിപ്പിക്കാനുള്ളതുമായ വ്യത്യസ്ത ദഹനരസങ്ങള്‍ പാന്‍ക്രിയാസില്‍ നിന്നും ഊറിവരണം. ഒരേസമയം പാന്‍ക്രിയാസ് ഇത് നല്‍കുന്നില്ല. അല്പം ഊറിവന്നാല്‍ത്തന്നെ അമ്ലം ക്ഷാരവുമായി പ്രതിപ്രവര്‍ത്തിച്ച് നിര്‍വീര്യമാകും. ദഹനപ്രക്രിയയില്‍ സ്തംഭനം നേരിടും. ആമാശയത്തില്‍വച്ച് സംഭവിച്ചതിന്റെ ആവര്‍ത്തനംതന്നെ ഇവിടെയും സംഭവിക്കും. ഫലമോ, അന്നജത്തിന്റെ കിണ്വനവും (Fermentation) മാംസ്യത്തിന്റെ ജീര്‍ണനവും (Putrifaction). ഇതുമൂലം ദഹനപ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നു. ഇന്‍ഡോള്‍, സ്‌കോറ്റോള്‍, ടോമൈന്‍സ് എന്നീ ഉഗ്രവിഷവായുക്കള്‍ ഉണ്ടാകുന്നു. മനം പുരട്ടല്‍, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍, മലബന്ധം എന്നിങ്ങനെ ഓരോരോ അസ്വസ്ഥതകള്‍ വയറ്റില്‍ രൂപംകൊള്ളുന്നു. അന്നജത്തിന്റെ പുളിപ്പില്‍നിന്നും മദ്യം വയറ്റില്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ അന്നജവും മാംസ്യവും കൂട്ടിക്കലര്‍ത്തി ഭക്ഷിക്കാതിരിക്കുക. ചേരുന്ന ചേരുവകള്‍ ചേര്‍ത്തു മാത്രം ആഹരിക്കുക എന്നു പറയുന്നതിന്റെ അടിസ്ഥാനമിതാണ്.

ഇനി കൊഴുപ്പുകലര്‍ന്ന വിരുദ്ധാഹാരത്തില്‍ അന്നജമാണെങ്കില്‍ അന്നജം ദഹിപ്പിക്കാനുള്ള ദഹനരസത്തില്‍ കൊഴുപ്പിന് കുതിരേണ്ടിവരും. മാംസ്യത്തോടൊപ്പമാണെങ്കിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്‍സൈം ഊറിവരാതിരുന്നാലും ഊറിവന്നാലും ദഹനപ്രശ്‌നം ഉടലെടുക്കുന്നു. കൊഴുപ്പിന്, വായിലോ ആമാശയത്തിലോ പ്രധാനദഹനം നടക്കുന്നില്ല. പക്വാശയത്തിലെത്തുമ്പോഴാണ് ദഹന മുണ്ടാകുക. അതുവരെ മറ്റ് ആഹാരഘടകങ്ങളെക്കൂടി പുളിപ്പിച്ചും ജീര്‍ണിപ്പിച്ചുമാണ് യാത്ര. പക്വാശയത്തില്‍ പാന്‍ക്രിയാസില്‍നിന്നുള്ള ലൈപേസും കരളില്‍നിന്നുള്ള ബൈലും എത്തണം. അവ അമലൈസോ-ട്രിപ്‌സിനോ ആയി പ്രതിപ്രവര്‍ത്തിക്കേണ്ടിവരും. ഫലമോ, ദഹനരസങ്ങള്‍ നിര്‍വീര്യമാകും. ദഹനം അവതാളത്തിലാകും. അമ്ല-ക്ഷാര മാധ്യമരസങ്ങളില്‍ ദഹിക്കേണ്ട ഭക്ഷണങ്ങള്‍ കൂട്ടിക്കലര്‍ത്തി അകത്താക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പഴമയില്‍നിന്ന്

മാംസ്യഭക്ഷണകാര്യത്തില്‍, കേരളത്തില്‍ മാതൃകാപരമല്ലാത്ത ഒരുതരം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ എല്ലാ സമുദായവും ഒരുപോലെ മൈത്രിയിലാണ്. മിണ്ടാപ്രാണികളെ കൊന്ന്, അവയുടെ ശവം മസാല പുരട്ടി തിന്ന്, പുഴുവരിച്ച് മരിക്കാനാണ് ഇതുവഴി ജാതിമതഭേദമെന്യേ ഏവരും ശ്രമിക്കുന്നത്.

കേരളത്തിലെ സ്ത്രീകളില്‍ ബ്രസ്റ്റ് കാന്‍സര്‍ വ്യാപകമായി ഉണ്ടാകുന്നുവെന്നും മാംസാഹാരശീലമാണ് ഇതിനു കാരണമെന്നും റീജണല്‍ കാന്‍സര്‍ സെന്ററിലെ പഠനങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.

ഇന്നത്തെപ്പോലെ വ്യവസ്ഥയോ വെള്ളിയാഴ്ചയോ ഇല്ലാതെ പഴയ തലമുറ മാംസം ഭക്ഷിച്ചിരുന്നില്ല. അളവില്‍ വളരെ കുറവേ കഴിച്ചിരുന്നുള്ളൂ. ചുട്ടു തിന്നലായിരുന്നു പഴമക്കാരുടെ ഒരു സമ്പ്രദായം. ഇന്നത് തീര്‍ത്തും ഇല്ലാതായിരിക്കുന്നു. കോഴിയുടെ കൂടെ ഒന്നാന്തരം ക്ഷാരഗുണമുള്ള കുമ്പളങ്ങയാണ് ചേര്‍ത്തിരുന്നത്. ഇറച്ചി, മസാല എന്നിവയുടെ ദോഷങ്ങളെ ലഘൂകരിക്കാന്‍ ഇതു സഹായിച്ചു. ഇന്ന് കോഴിക്ക് കൂട്ട് കിഴങ്ങാണ്. മാംസ്യവും അന്നജവും ചേര്‍ന്ന വിരുദ്ധാഹാരമാണത്. അതുപോലെ പോത്തിറച്ചി യുടെ കൂടെ കായ ചേര്‍ത്തിരുന്നു. പന്നിമാംസത്തിന്റെ കൂടെ ചേനയാണ് ചേര്‍ത്തിരുന്നത്.

മാംസം കുറഞ്ഞ അളവിലേ ആഹരിക്കാവൂ എന്ന കരുതല്‍ ഇന്നില്ലാതായി. ഇറച്ചി തനിച്ച് റോസ്റ്റ് ആക്കിയാണ് പലരുടെയും തീറ്റ. പേരിന് സാലഡുകള്‍ കഴിച്ചാല്‍ ഭാഗ്യം. മീന്‍ മിക്കവാറുംതന്നെ ചുട്ടുതിന്നുകയായിരുന്നു പതിവ്. എത്രയോ കാലം മീന്‍ കഴിച്ചിട്ടും കൊളസ്‌ട്രോള്‍ ശല്യം ഇവരില്‍ കുറവായിരുന്നു.

മീന്‍കറിയില്‍ ഇഞ്ചിയും നാളികേരവും വേപ്പിലയും ധാരാളമായി ചേര്‍ത്തിരുന്നു. ഇന്നത്തെ രീതിയില്‍ വറുത്തോ പൊരിച്ചോ തിന്നുന്ന രീതിയും കുറവായിരുന്നു. ആവിയില്‍ വേവിച്ച് കഴിക്കുന്ന രീതിയും ഇന്ന് നഷ്ടമായിരിക്കുന്നു. ജലാശയങ്ങളിലെ മാലിന്യത്തോത് അറിഞ്ഞാല്‍പ്പിന്നെ ഇതു കഴിക്കാന്‍ വിവേകം അനുവദിക്കില്ല. ശീലങ്ങള്‍ പക്ഷേ, വിവേകത്തെ മറികടക്കുന്നതാകാം. മത്സ്യം നിര്‍ബന്ധമുള്ളവര്‍ക്ക്, ശുദ്ധജലമത്സ്യങ്ങളെ ഉപയോഗിക്കാം. രുചികളുടെ പുറകെ പാഞ്ഞ് ഒടുവില്‍ ഐ.സി.യുവില്‍ വിശ്രമിക്കേണ്ടിവരുന്ന പരിതാപകരമായ അവസ്ഥയേക്കാള്‍ നന്ന്, ശാരീരികവും മാനസികവുമായ സുസ്ഥിര ആരോഗ്യത്തിന് ആവശ്യമായവ മാത്രം ആഹരിക്കല്‍ ആണല്ലോ.