പഠനവൈകല്യപരിശീലനം മാതാപിതാക്കള്‍ അറിയേണ്ടത്

1. നിങ്ങളുടെ കുട്ടിയെ ശരിയായ രീതിയില്‍ മനസ്സിലാക്കിയിരിക്കണം. 2. എന്താണ് അവന്റെ പ്രശ്‌നമെന്നും അതില്‍ പ്രധാനപ്പെട്ടത് ഏതാണെന്നും മനസ്സിലാക്കുക. 3. വളരെ ക്ഷമയോടുകൂടി കാര്യങ്ങളെ സമീപിക്കുക. നിങ്ങളുടെ മാനസികസമ്മര്‍ദം കുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം. 4. കുട്ടികളുടെ കഴിവും കഴിവുകുറവും ഉള്‍ക്കൊള്ളുക.

5. നല്ല കഴിവുകളെ പ്രോത്സാഹിപ്പിക്കുവാന്‍ മടികാണിക്കരുത്. അതിനെ അഭിനന്ദിക്കുകയും വേണം.

6. കുറവുകളെ സമചിത്തതയോടെ നേരിട്ട്, പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുക.

7. കുറ്റം പറയുന്ന രീതി ഒഴിവാക്കി തെറ്റുതിരുത്തുന്ന സമീപനം സ്വീകരിക്കാം.

8. മറ്റുള്ള കുട്ടികളുമായി നിങ്ങളുടെ കുട്ടികളെ അവരുടെ മുന്‍പില്‍വച്ച് താരതമ്യപ്പെടുത്തരുത്. ഇത് കുട്ടികളില്‍ അപകര്‍ഷബോധം ഉണ്ടാക്കുന്നു.

9. പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, തെറ്റുതിരുത്തി, അത്യാവശ്യത്തിനുമാത്രം ശാസിക്കുന്ന ഒരു സുഹൃത്തായി മാതാപിതാക്കള്‍ മാറണം.

10. പഠനത്തിന്റെ കാര്യത്തിലാണെങ്കില്‍, ദിവസവും നിശ്ചിതസമയം, അതും എന്നും കൃത്യമായ സമയത്ത് കുട്ടിയോടൊപ്പമിരുന്ന് അവരെ പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്യുക.

11. ക്ഷമയോടെ, ശാന്തമായി കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് പഠിപ്പിക്കുക. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് ഏകാഗ്രത കുറവായിരിക്കും. അതിലും കുറഞ്ഞ ഏകാഗ്രത മാതാപിതാക്കള്‍ പ്രകടിപ്പിക്കരുത്.

12. ഏകാഗ്രത കുറവായതിനാല്‍ തുടക്കത്തില്‍ കുറച്ചുസമയം ലളിതമായ വിഷയം പഠിപ്പിക്കുക. പതിയെ പതിയെ സമയവും വിഷയ ത്തിന്റെ ആഴവും കൂട്ടിക്കൊണ്ടുവരിക.

13. ലളിതമായ ഭാഷയില്‍, ലളിതമായ കഥാരീതിയില്‍ പല കാര്യങ്ങളും കുട്ടികളെ പഠിപ്പിച്ചെടുക്കാം. കുട്ടിക്കും മാതാപിതാക്കള്‍ക്കുമെല്ലാം ഇത്തരം കഥകളില്‍ കഥാപാത്രങ്ങളാകുകയും ചെയ്യാം.

14. കുട്ടികള്‍ പറയുന്നതെന്തും ക്ഷമയോടുകൂടി ഉള്‍ക്കൊള്ളുന്ന കേള്‍വിക്കാരാകാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. അതിലൂടെ അവന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെടുക്കുകയും തെറ്റുകള്‍ തിരുത്തുകയും വേണം.

15. പഠിക്കുന്നതിനും കളിക്കുന്നതിനും ടിവി കാണുന്നതിനും ഉറങ്ങുന്നതിനും ഒരു നിശ്ചിതടൈംടേബിള്‍ നിര്‍ബന്ധമായും ഉണ്ടാക്കുക. അത് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും വേണം.

16. പഠിക്കുന്ന മുറിയിലോ പഠനമേശയിലോ കുട്ടികളുടെ ശ്രദ്ധ തെറ്റിക്കുന്ന വസ്തുക്കള്‍ വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അത് കുട്ടികളുടെ ഏകാഗ്രതയെ ബാധിക്കുന്നു.

17. കുട്ടികളുടെ പാഠ്യഭാഗത്തെക്കുറിച്ച് ചെറിയൊരു ധാരണയെങ്കിലും മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്.

18. അത്യാവശ്യം കുറുങ്കഥകളും കവിതാശകലങ്ങളും പൊതുവിജ്ഞാനവും മാതാപിതാക്കളും നേടിയെടുക്കണം. കുട്ടികള്‍ എന്തുചോദിച്ചാലും അറിയില്ല എന്ന മറുപടി പറയരുത്. പകരം, നോക്കട്ടെ, പറഞ്ഞുതരാം എന്നുപറഞ്ഞ് അവരെ സമാശ്വസിപ്പിക്കണം.

19. Social Skills-ഉം Life Skills-ഉം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. സഞ്ചാരവേളകളിലും മറ്റും കുട്ടി കാണുന്ന വസ്തുക്കള്‍ കൃത്യമായി അവനെ ഗ്രഹിപ്പിക്കുന്നത് പഠനനിലവാരത്തെ തീര്‍ച്ചയായും ഉയര്‍ത്തും.

20. കലാകായിക മത്സരങ്ങളില്‍ അവരെ പങ്കെടുപ്പിക്കാവുന്നതാണ്. (ചെണ്ട, ഡാന്‍സ്, പാട്ട്, ചെസ്, കാരംസ് തുടങ്ങിയവ)

21. വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും മീനുകളെയുമെല്ലാം അവന്റെ പാഠ്യവിഷയത്തിന്റെ ഭാഗമായി കാണാവുന്നതാണ്.

22. ദിവസവും സ്‌കൂളില്‍ പോയിവരുന്ന കുട്ടിയോട് അന്നത്തെ പ്രധാനസംഭവങ്ങള്‍ മാതാപിതാക്കള്‍ ചോദിച്ചറിയേണ്ടതാണ്.

23. ശിക്ഷാനടപടികള്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ മാത്രം മതി. കഴിവതും കഠിനശിക്ഷകള്‍ ഒഴിവാക്കുക.

24. കുട്ടിക്ക് അനാവശ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ സ്‌നേഹപൂര്‍വം നിരസിക്കുക.

25. സ്‌നേഹലാളനയും അത്യാവശ്യത്തിന് കാര്‍ക്കശ്യവും - ഇതാകണം മാതാപിതാക്കളുടെ സമീപനം. കുട്ടികള്‍ക്ക് എന്തും തുറന്നുപറയാവുന്ന സുഹൃത്തായിരിക്കണം മാതാപിതാക്കള്‍.

26. കുട്ടികളുടെ കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, വൈകാരിക അവസ്ഥ, പഠനത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒക്കെ മാതാപിതാക്കള്‍ മനസ്സിലാക്കിയിരിക്കണം.

27. അതതു ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ ക്ഷമയോടുകൂടി കുട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്ലാസ്സ് ടീച്ചറുടെ ഫോണ്‍നമ്പറും മാതാപിതാക്കള്‍ സൂക്ഷിക്കണം. ഇടയ്ക്കിടെ അധ്യാപകരെ വിളിച്ച് കുട്ടികളുടെ വിവരങ്ങള്‍ അന്വേഷിക്കുകയും വേണം.

28. അഭിനന്ദിക്കേണ്ട കാര്യത്തില്‍ കുട്ടികളെ അഭിനന്ദിക്കുക തന്നെ വേണം. അത് അവന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

29. സാമൂഹികസാഹചര്യങ്ങളുമായി ഇടപഴകാന്‍ കുട്ടികളെ പഠിപ്പിക്കണം. അത്തരത്തിലുള്ള ഓരോ സന്ദര്‍ഭത്തിന്റെയും പ്രത്യേകതയും അവിടെ അനുവര്‍ത്തിക്കേണ്ട പെരുമാറ്റരീതിയും പഠിപ്പിച്ചുകൊടുക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കുവാനും പഠനത്തോട് താത്പര്യം ഉണ്ടാക്കാനും സഹായിക്കുന്നു.

30. അവശ്യഘട്ടങ്ങളില്‍ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ സമീപിച്ച് വിഷമതകള്‍ക്ക് പരിഹാരം തേടാവുന്നതാണ്.

31. ഈശ്വരപ്രാര്‍ഥനയും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും കുട്ടികളില്‍ ശീലമാക്കിയെടുക്കുവാന്‍ ശ്രമിക്കുക.