കോഴിക്കൂട്‌

കുമാരുവിന് ഉറക്കം വന്നില്ല. വിസ്താരം തീരെ കുറവാണ് അവൻ കിടക്കുന്ന ചായ്പ്പിന്. കഷ്ടിച്ച് ഒരാൾക്ക് കിടക്കാവുന്ന കുടുസ്സിടം. പുറത്ത് പുൽപ്പടർപ്പുകളിലും ചെടികളിലും പറ്റിപ്പിടിച്ചിരിക്കുന്ന ചീവീടുകളുടെ രാഗവിസ്താരം. വിളിപ്പാടകലെയുള്ള മടൽക്കുഴി പ്പുറത്തുനിന്നാവണം, പാമ്പിന്റെ വായിലകപ്പെട്ട തവളയുടെ ദീനരോദനം. ചീനവലക്കാർ കത്തിച്ചുവച്ച പെട്രോമാക്‌സിന്റെ നിലയ്ക്കാത്ത സീൽക്കാരങ്ങൾ.

മീൻ കോരിയെടുക്കാൻ വലയും താഴ്ത്തി ബീഡിയും പുകച്ചിരിക്കുകയാണ് ചീനവലക്കാർ. ഗോതുരുത്തിലെ കള്ളവാറ്റുകാർ കച്ച വടത്തിൽ വിരുതരാണെന്നോ, വാറ്റിന് മേമ്പൊടിയായി കുണ്ടൻ പിഞ്ഞാണങ്ങളിൽ അവർ വിളമ്പിത്തരുന്ന കക്കപ്പുഴുക്കിനും പള്ളത്തി വറ്റിച്ചതിനും എരിവും പുളിയും വേണ്ടതിലും കൂടുതലാ ണെന്നോ ഒക്കെ ഉറക്കെയാണവരുടെ പറച്ചിൽ.

വെട്ടം പരന്നാൽ ഇടനാടുകളിലേക്ക് വില്പനയ്ക്ക് പോകുന്ന പെണ്ണാളുകൾ വട്ടപ്പാത്രങ്ങളുമായി മീനും ചെമ്മീനും തേടിവരും. റൊക്കം പൈസ കൊടുത്തുവേണം വമ്പത്തികൾക്ക് മീൻതരങ്ങൾ വാങ്ങാൻ. നടന്നുനടന്ന് കാല് കുറുതാവണം അതു വിറ്റുതീർക്കാൻ. കൂട്ടത്തിൽ വയസ്സുമൂപ്പുള്ള ചില കച്ചവടക്കാരികൾ 'വെള്ളത്തീന്ന് കോരിയെടുക്കണ മൊതലിന് അക്രമവെല വാങ്ങരുത്, ദൈവം കൊടുത്ത ജീവൻ തല്ലിക്കെടുത്തിയതിന്റെ പാപം തിന്നാൽ തീരില്ല' എന്നൊക്കെ കൊച്ചുവേദാന്തം പറഞ്ഞെന്നിരിക്കും. അത്തരം പാവത്താൻവാക്കുകളൊന്നും, വലക്കൂട് വെള്ളത്തിൽ താഴ്ത്തിയും കെട്ടിയും ഉറപ്പിച്ചവർ ചെവിക്കൊള്ളില്ല. ഒരുപാടലഞ്ഞാലേ വല ക്കൈകളുറപ്പിക്കാൻവേണ്ട പുന്നമരത്തണ്ടുകൾ കിട്ടൂ.

മൂപ്പൊത്ത തെങ്ങിൻതടികൾ ചെത്തിക്കൂർപ്പിച്ചാണ് വലക്കുറ്റികളും നടപ്പാലവും പണിതീർത്തെടുക്കുന്നത്. പറ്റുകാരികളുടെ വേദാന്തം കേൾക്കാനല്ല ഉറക്കമിളച്ച് വല താഴ്ത്തുന്നതും ഒറ്റമൂച്ചിന് വലിച്ചു പൊക്കുന്നതും. വല വലിക്കുന്നവർക്കുള്ള കൂലി കഴിച്ച് ഉടമയ്ക്ക് നാലു കാശൊക്കണം. പലിശയ്‌ക്കെടുത്തു വല കെട്ടിയവന്റെ മനം തെളിയണം.

ആഞ്ഞുവീശുന്ന കായൽക്കാറ്റിൽ പുരവാരികൾ ഞരങ്ങാത്ത, ഇത്തിരികൂടി വെടുപ്പും സൗകര്യവുമുള്ള ഒരു വീടുണ്ടായിരുന്നെ ങ്കിലെന്ന് കുമാരു ഓർക്കാറുണ്ട്. ഓർമവച്ച നാൾമുതലല്ല, തലമുറ കളായി ചെറ്റപ്പുരയിലാണ് കുടുംബം മുളയുന്നത്. മുട്ടോളം കുനിഞ്ഞുവേണം അകത്തേക്കു കയറാൻ.

വെട്ടം വീഴുന്നതിനുമുമ്പേ കാണാം കായലിൽ വെട്ടുകല്ലുകളും മണ്ണും ചളിയും ഇത്തളും നിറച്ച കേവുവള്ളങ്ങളുടെ ഒഴുക്ക്. വൈക്കോലും കൊപ്രച്ചാക്കുകളും കയറും കപ്പലണ്ടിപ്പിണ്ണാക്കും മൺകലങ്ങളും കയറ്റിയ വള്ളങ്ങൾ കരയോടുചേർന്നാണ് പോകാറ്. മീൻവളവും ചെമ്മീൻതലകളും നിറച്ച വഞ്ചികൾക്കുമേലെ കാക്കകളും കൂഴകളും വട്ടമിട്ടു പറക്കുന്നുണ്ടായിരിക്കും.

കരവക്കത്തെ വീടുകളൊക്കെ കോഴിക്കൂടുപോലെ കുഞ്ഞാ ണെന്ന് കുമാരു ഓർക്കാറുണ്ട്. പെരുന്തോടിന്റെ വക്കത്തുള്ള വർക്കി മാപ്ലയുടെ വീടുമാത്രമാണ് ഇത്തിരി വലുത്. ഒരേക്രയോളം വരുന്ന പറമ്പിലാണ് അയാളുടെ കൊപ്രക്കളം. കളത്തിനുചുറ്റും വേലി. നാളികേരപ്പൊളികൾ കാക്കയും കിളികളും കൊത്താതിരിക്കാൻ വേലിക്കുമുകളിൽ വലിയ കണ്ണികളുള്ള വല. വെട്ടാനും ഉണക്കാനും പണിക്കാർ. അയ്യപ്പനുമൊത്ത് കൊപ്രക്കളങ്ങളുടെ മണം ശ്വസിച്ച് അലഞ്ഞുനടക്കാനായിരുന്നു കുമാരുവിനിഷ്ടം. മൊട്ടത്തലയൻ മൊയ്തു മാപ്ലയും മുറിച്ചുണ്ടൻ ചിരുകണ്ടനും കായലിൽ ചങ്ങാടം തുഴഞ്ഞുനീങ്ങുന്നതും, പുള്ളിക്കുപ്പായമിട്ട കുഞ്ഞിഞണ്ടുകൾ കായൽ വക്കത്തെ ചെളിക്കുഴികളിൽ ഒളിച്ചുകളിക്കുന്നതും കൗതുകത്തോടെ കണ്ടുനിൽക്കും. മീൻ കൊത്തിയെടുത്തു പറക്കുന്ന പൊന്മാനുകളെ, വെറുതെ, ഒരു കളിമ്പത്തിനുവേണ്ടി കല്ലെറിയും. നെറ്റിയിൽ അരിമ്പാറയുള്ള പരമൻ, വീശുവല വെള്ളത്തിൽനിന്ന് വലിച്ചെടുത്ത് കുടയുമ്പോൾ ചെറുമീനുകളും ചെമ്മീനും മരണവെപ്രാളത്തോടെ പിടഞ്ഞുവീഴുന്നതു കാണുമ്പോൾ സങ്കടം തോന്നും.

വിശപ്പ് മൂത്താൽ ഒന്നിലും മനസ്സുറയ്ക്കില്ല. കായലോളങ്ങളുടെ കലമ്പലും കുയിലുകളുടെ കൂവലും കേൾക്കില്ല. ചാഞ്ഞുകിടക്കുന്ന തെങ്ങിന്മേൽ കയറിയിരുന്ന് ആകാശത്തേക്ക് പൊങ്ങിപ്പറക്കാൻ തോന്നില്ല. കിളിമാസും തലപ്പന്തും ഒന്നും വേണ്ട. വിളറിയ താമരകൾ പൂവിട്ടുനിൽക്കുന്ന മടൽക്കുഴിപ്പുറങ്ങളിലൂടെ അലസമായി നടക്കും. നേരിയ മധുരവും പുളിപ്പുമുള്ള താമരയല്ലികളിലായിരിക്കും കണ്ണ്.

മടൽക്കുഴിപ്പുറങ്ങളിൽനിന്നും അകലെ പാടക്കരയിലാണ് സഖാവ് അബ്ദുൽഖാദർ സാഹിബിന്റെ വീട്. നാട്ടുകാരുടെ കാദ രിക്ക. കാദരിക്കയുടെ വീടിന് വിശാലമായ തളമുണ്ടായിരുന്നു. ചുമരുകളിൽ പാർട്ടിയാചാര്യന്മാരുടെ ചില്ലുപടങ്ങളോടൊപ്പം ഒരു പായയോളം വലുപ്പമുള്ള ഭൂപടം. ഭൂപടത്തിൽ റഷ്യയുടെ തല സ്ഥാനനഗരം മോസ്‌കോയ്കു ചുറ്റും ചുവന്ന പെൻസിൽകൊണ്ട് വൃത്തം. താഷ്‌ക്കന്റ് നഗരത്തിനു താഴെ ചുവന്ന വര. ചില്ലുപടങ്ങളിൽ ഏറ്റവും പ്രധാനം, പിച്ചളക്കുട ചൂടിയ മേശവിളക്കിന്റെ പ്രകാശത്തിൽ 'പ്രവ്ദ' പത്രം വായിക്കുന്ന കോമ്രേഡ് വി.ഐ. ലെനിന്റേ തായിരുന്നു.

വീട്ടുചുമരിൽ നിരത്തിവച്ച നേതാക്കന്മാരുടെ ചിത്രങ്ങൾ തൊട്ടു കാണിക്കുമ്പോഴും, മോസ്‌കോ നഗരത്തെപ്പറ്റി പറയുമ്പോഴും കാദരിക്ക ആവേശഭരിതനാവുമായിരുന്നു. ഒരിക്കൽ ഉഴുവത്തുകടവിൽനിന്ന് കമ്പോളത്തിലേക്ക് പോയിരുന്ന ജാഥയുടെ അമരത്ത് ചുവന്ന ജുബ്ബയിട്ട കാദരിക്കയുണ്ടായിരുന്നു. ചെറുകഴുക്കോലിൽ കെട്ടിയ പതാക ഇരുകൈകൾകൊണ്ടും ആകാശത്തേക്ക് ഉയർത്തിപ്പിടിച്ചായിരുന്നു നടത്തം. കാദരിക്കയുടെ വീട്ടുപറമ്പിലാണ് കുട്ടികൾ ഓലപ്പന്തും തൊട്ടാൽ പൊട്ടനും കിളിമാസും കളിച്ചിരുന്നത്. കലപില കേൾക്കാൻ കാദരിക്കയുടെ ഭാര്യ ബീയാത്തുമ്മ ഉമ്മറത്തുവന്നു നിൽക്കും. മക്കളി ല്ലാത്ത ആ ഉമ്മ ചക്കച്ചുളയോ മാങ്ങയോ കുട്ടികൾക്കു വിളിച്ചു കൊടുക്കും. ചിലപ്പോൾ പേരക്കയോ ചാമ്പക്കയോ ചെറുപഴമോ ആയിരിക്കും കിണ്ണത്തിൽ.

ഒരിക്കൽ കുമാരുവും അയ്യപ്പനും കയറിച്ചെല്ലുമ്പോൾ കാദരിക്ക തടിച്ചൊരു പുസ്തകം മടിയിൽ നിവർത്തിവച്ചു വായിക്കുകയായിരുന്നു.

''മാഷാവാൻ പഠിക്കേണോ?'' കുമാരു ചോദിച്ചു. പുസ്തകം വായിക്കുന്നത് മാഷാവാനാണെന്നാണ് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അവന്റെ ധാരണ.

''കുമാരൂം അയ്യപ്പനും പുസ്തകം വായിക്കണത് മാഷാവാനാണോ?'' വായിച്ചിരുന്ന 'മൂലധനം' മടക്കിവച്ചിട്ട് കാദരിക്ക ചോദിച്ചു.

''മാർക്ക് കിട്ടി പരൂക്ഷ പാസ്സാവാനാ ഞാൻ പുസ്തകം വായിക്കണത്.'' കുമാരു പറഞ്ഞു.

''പരൂക്ഷേല് ജയിക്കണോങ്കി പാഠപുസ്തകം വായിക്കണോന്നാ അമ്മേം പറയാറ്.'' അയ്യപ്പനും പറഞ്ഞു.

''പാഠപുസ്തകം വായിച്ചാല് സ്‌കൂളിലെ പരീക്ഷ ജയിക്കാം. പരീക്ഷ ജയിച്ചാ മാത്രം പോരാ, നമ്മൾ വായനയിലൂടെ അറിവും നേടണം. അറിവാണ് ശക്തി.'' കാദരിക്ക പറഞ്ഞു.

''കപ്പലണ്ടിപ്പിണ്ണാക്ക് തിന്നാല് നല്ലോണം ശക്തിയുണ്ടാവൂന്ന് അമ്മ പറഞ്ഞത് ശരിയാണോ?'' അയ്യപ്പൻ ചോദിച്ചു.

''അമ്മ തരുന്നതെന്തും നമുക്ക് തിന്നാം. ശക്തീം ബുദ്ധീംണ്ടാവാനല്ലേ അമ്മ നമക്ക് ഓരോന്ന് തിന്നാൻ തരണത്.''

''അയ്യപ്പന്റമ്മ മൂന്നാല് ദെവസം ആസ്പത്രീലായിരുന്നെന്നു കേട്ടല്ലോ. ഓക്കാനോം വയറൊഴിച്ചിലും നിന്നോ?'' ബീയാത്തുമ്മ ചോദിച്ചു.

''സൂക്കേട് മാറി. എന്നാലും ഇപ്പഴും മനംമറിയണ്ന്നാ അമ്മ പറയണത്.''

കൂടുതലൊന്നും ബീയാത്തുമ്മ ചോദിച്ചില്ല. ഏതാണ്ടൊക്കെ അവർക്കറിയാം, എന്തുകൊണ്ടാണ് കറമ്പന്റെ പെമ്പിളയ്ക്കും കൂട്ട ർക്കും തൂറലും ഓക്കാനോം പിടിപെട്ടതെന്ന്.

അയ്യപ്പന്റെ അമ്മ സരസു പായും ചുരുട്ടിക്കെട്ടി ധർമാസ്പത്രിയിലേക്ക് പോയത് വേറെയും അഞ്ചാറ് പെമ്പിളമാരോടൊപ്പമായി രുന്നു. കള്ളവാറ്റുകാരൻ കിട്ടയുടെ ഭാര്യ നാണി, റാട്ടുപണിക്കാരൻ കുഞ്ഞിക്കോരുവിന്റെ ഭാര്യ അമ്മിണി, വേലികെട്ടുകാരൻ ഗോപാ ലന്റെ അമ്മ കുഞ്ഞിപ്പൊന്നി, റിക്ഷാക്കാരൻ വേലാണ്ടിയുടെ പെങ്ങൾ ചീരു, ഇത്തൾചൂളക്കാരൻ റാഫേലിന്റെ പെമ്പിള കുഞ്ഞന്നം.

കാലവർഷം പെയ്‌തൊഴിയുന്നതിനുമുമ്പ് തെങ്ങിന് വളമിടുന്നതാണ് നാട്ടിലെ ശീലം. പറമ്പിലെ 'കൊത്തും കിളയും വളവും' മുടക്കാത്ത ഹാജിയാര് കൊച്ചിയിൽനിന്ന് കെട്ടുവള്ളം നിറയെ കപ്പലണ്ടിപ്പിണ്ണാക്കും, കാര കടപ്പുറത്തുനിന്ന് കട്ടവണ്ടികളിൽ പിട യ്ക്കുന്ന ചാളമീനും കൊണ്ടുവന്നു.

പുതിയ തീറ്റപ്പണ്ടങ്ങൾ കിട്ടുമെന്നായപ്പോൾ തെങ്ങിന്റെ വേരുകൾക്ക് മദം പൊട്ടി! കാറ്റിൽ ഓലത്തലപ്പുകൾ നൃത്തമാടി!

ഹാജിയാരുടെ ധാരാളിത്തം കണ്ട് പെണ്ണുങ്ങൾ അതിശയിച്ചു. വെശക്കുന്ന മനുഷ്യര് ചവച്ചുചവച്ച് തിന്നുന്ന കപ്പലണ്ടിപ്പിണ്ണാക്കും വാട്ടംവിടാതെ വെള്ളിപോലെ മിനുങ്ങുന്ന ചാളമീനും തെങ്ങിൻ തടങ്ങളിൽ ചൊരിയുന്ന ജന്മിയെ അവർ പുകഴ്ത്തി.

തെങ്ങിൻതടങ്ങളിൽ വളം ചൊരിഞ്ഞ് മേലെ മണ്ണും വിതറി പണിക്കാർ പോയി. കരിപ്പായ നേരത്ത് സരസുവും കുഞ്ഞന്നത്താത്തിയും നാണിയും ചീരുവുമൊക്കെ ചട്ടിയും പാളകളുമെടുത്ത് പറമ്പിലേ ക്കിറങ്ങി. തെങ്ങിൻതടത്തിലെ മണ്ണു മാറ്റി അത്താഴക്കറിക്കുള്ള ചാളയും മണ്ണിൽ കുതിരാത്ത പിണ്ണാക്കിന്റെ ചീളുകളും വാരിയെടുത്തു.

മണ്ണിൽനിന്നും മാന്തിയെടുത്ത ചാള വേവിച്ചതും പിണ്ണാക്കും തിന്നതുകൊണ്ടാവണം ചിലരുടെ വയറ്റിൽ പൊട്ടലും ചീറ്റലും തുടങ്ങി. മൂട് കഴപ്പ് പെരുകി. പാട്ടച്ചിമ്മിനിയുടെ നേർത്ത വെളിച്ചത്തിൽ അവർ വെളിമ്പറമ്പിലേക്കും തോട്ടുവക്കത്തേക്കും വന്നും പോയുമിരുന്നു. വയറ്റിലെ നുരയും കഴപ്പും നിലയ്ക്കാതെ അവശരായവരെ കയറ്റുകട്ടിലിൽ കിടത്തി ആണുങ്ങൾ ധർമാസ്പത്രിയിലേക്ക് ചുമന്നു.

വിവരമറിഞ്ഞ അദ്രമാൻ ഹാജി ഇടഞ്ഞു.

'വളം' വാരിയെടുത്ത പെണ്ണുങ്ങളെ പോലീസിനെക്കൊണ്ട് തല്ലിക്കും, കേസ്സാക്കും, കുടിയിറക്കും എന്നൊക്കെ നാലാൾ കേൾക്കെ അയാൾ ഭീഷണിപ്പെടുത്തി. കൈക്കോട്ടുപണിക്കാരൻ ഇക്കോരന്റെ അമ്മ കുഞ്ഞിപ്പൊന്നി ആസ്പത്രിയിൽവച്ച് മരിച്ചെന്നറിഞ്ഞപ്പോൾ ഹാജിയാർ അടങ്ങി; ആ തള്ള എണ്ണംപറഞ്ഞൊരു ഓലമെടച്ചിലു കാരിയായിരുന്നുവെന്ന് സഹതപിച്ചു.