ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രവും ചരിത്രവും

ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രപ്രതിഷ്ഠയെപ്പറ്റി പല കഥകളും പറഞ്ഞുവരുന്നു ണ്ടെങ്കിലും അവയിൽ പ്രസിദ്ധമായ ചിലതാണ് ഇവിടെ വിവരിക്കുന്നത്. ഉടുപ്പിയിലെ പുരാതന ശ്രീകൃഷ്ണവിഗ്രഹം ദ്വാരകയിൽനിന്നും ഗോപീചന്ദനത്തിൽ പൊതിഞ്ഞ് ഇവിടെ എത്തിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. ഒരു നാവികൻ ദ്വാരകയിൽനിന്നും സാധനസാമഗ്രികൾ കയറ്റുന്നതിനിടയ്ക്ക് ശ്രീകൃഷ്ണവിഗ്രഹവും കയറ്റുകയുണ്ടായി. യാത്രാമധ്യേ ബോട്ട് വമ്പിച്ചൊരു കൊടുങ്കാറ്റിൽ അകപ്പെട്ടു. ഈ സമയം ധ്യാനനിരതനായിരുന്ന ശ്രീ മാധ്വാചാര്യർ തന്റെ ജ്ഞാനദൃഷ്ടിയിലൂടെ കാര്യങ്ങളെല്ലാം കണ്ടറിഞ്ഞു. തപശ്ശക്തികൊണ്ട് അദ്ദേഹം ബോട്ടിനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. കൊടുങ്കാറ്റിനെ ഇല്ലാതാക്കി. കാറ്റിൽനിന്നും ബോട്ട് രക്ഷപ്പെടുത്തിയ മാധ്വാചാര്യരെ ക്യാപ്റ്റനും മറ്റും സന്ദർശിച്ച് നന്ദി അറിയിച്ച്, സമ്മാനമായി എന്താണ് നൽ കേണ്ടതെന്നു ചോദിച്ചു. കുറച്ചുനേരം മൗനത്തിലിരുന്ന ആചാര്യൻ ചന്ദനത്തടികളുടെ ഇടയിൽ കിടക്കുന്ന ശ്രീകൃഷ്ണവിഗ്രഹം ആവശ്യപ്പെട്ടു. ക്യാപ്റ്റൻ സന്തോഷത്തോടെ വിഗ്രഹം മാധ്വാചാര്യർക്കു നല്കി. തുടർന്ന് മാധ്വാചാര്യർ ആ വിഗ്രഹത്തെ ഒരു തീർഥക്കുളത്തിൽ മുക്കി ശുദ്ധിവരുത്തി മഠത്തിൽ സ്ഥാപിച്ചു എന്നാണ് വിശ്വസിച്ചുവരുന്നത്.

ശ്രീ രഘുവര്യതീർഥ സ്വാമികളുടെ അഭിപ്രായപ്രകാരം ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിക്കുന്നതിനുമുൻപു നടന്ന സംഭവംഇപ്രകാരമാണ്: കൊടുങ്കാറ്റിൽ അകപ്പെട്ട കപ്പൽ തിരമാലകളിൽ അമ്മാനമാടപ്പെട്ട് പാറകളിലിടിച്ചു തകർന്നു. കപ്പലിലുണ്ടായിരുന്ന മറ്റു വസ്തുക്കളോടൊപ്പം കൃഷ്ണവിഗ്രഹവും കടലിൽ മുങ്ങി. കുറച്ചുദിവസങ്ങൾക്കുശേഷം മാധ്വാചാര്യർ ആശയപ്രചാരണാർഥം ഉടുപ്പിയിലെത്തി. ഭക്തന്മാരോടൊത്ത് ധ്യാനത്തിലിരുന്ന അദ്ദേഹം ദിവ്യദർശനത്താൽ എഴുന്നേറ്റു. ശിഷ്യന്മാരോടൊപ്പം മാൾവ എന്ന കടൽക്കരയിലേക്ക് യാത്രയായി. കടൽക്കരയിലെത്തിയ ആചാര്യൻ കടലിൽമുങ്ങി കൃഷ്ണവിഗ്രഹം വീണ്ടെടുത്തു. ആ വിഗ്രഹവുമായി ഉടുപ്പിയിലെത്തിയ അദ്ദേഹവും ശിഷ്യന്മാരും മഠത്തിനടുത്തുള്ള പൊയ്കയിൽ വിഗ്രഹത്തെ മുക്കി ശുദ്ധീകരിച്ചു. തുടർന്ന് മഠത്തിലെ ഏറ്റവും പവിത്രമായ സ്ഥലത്ത് വിഗ്രഹത്തെ നിത്യാരാധനയ്ക്കായി പ്രതിഷ്ഠിച്ചു.

കൃഷ്ണവിഗ്രഹം പവിത്രീകരിച്ച പൊയ്കയെ മാധ്വസരോവർ എന്നാണ് വിളിച്ചുവരുന്നത്. വിഗ്രഹം പ്രതിഷ്ഠിച്ച മഠമാണ് പിന്നീട് ശ്രീകൃഷ്ണക്ഷേത്രമായി അറിയപ്പെട്ടുതുടങ്ങിയത്. ഈ സംഭവങ്ങളെല്ലാം 13-ാം നൂറ്റാണ്ടിൽ സംഭവിച്ചതാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മാധ്വസരോവരത്തെ ഇന്നും നല്ല രീതിയിൽ പരിപാലിച്ചുവരുന്നു. ക്ഷേത്രവും സരോവരവും ഒരേ കോമ്പൗണ്ടിലാണ്. നാലമ്പലത്തിന്റെ തൊട്ടുപിന്നിലാണ് സരോവരം നിലകൊള്ളുന്നത്. കൽപ്പടവുകളാൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള സരോവരം ഏകദേശം അര ഏക്കറെങ്കിലുമുണ്ടാവും. മഠവുമായി ബന്ധപ്പെട്ടവർക്കും മാധ്വബ്രാഹ്മണർക്കും മാത്രമേ ഈ സരോവരത്തിൽ സ്‌നാനാദികാര്യങ്ങൾക്ക് അനുവാദമുള്ളൂ. ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭഗവാൻ ദർശനം നൽകുന്നത് ഒരു ചെറിയ ജനൽദ്വാരത്തിലൂടെയാണ്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. 16-ാം നൂറ്റാണ്ടിൽ ഉടുപ്പി ഭരിച്ചിരുന്ന ശ്രീ വാദിരാജന്റെ കാലത്ത് കനകദാസൻ എന്ന ഉത്തമനായ ഒരു ശ്രീകൃഷ്ണഭക്തൻ ക്ഷേത്രദർശനത്തിനെത്തി. അവർണനായ അദ്ദേഹത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ അകത്തുകടക്കാൻ അനുവദിച്ചില്ല. ദുഃഖിതനായ ഭക്തൻ പുറകിൽച്ചെന്ന് സങ്കടപ്പെട്ട് ഇരുന്നു. ഇത് ഭഗവാന് സഹിക്കാൻ കഴിഞ്ഞില്ല. കനകദാസന്റെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ക്ഷേത്രച്ചുമരിന്റെ പിൻഭാഗത്ത് ഒരു ദ്വാരം സൃഷ്ടിക്കുകയുണ്ടായി. തന്റെ മുഖം പിന്നോട്ടുതിരിച്ച് ആ ദ്വാരത്തിലൂടെ കനകദാസന് ദർശനം നൽകി. ഈ ദർശനദ്വാരത്തിന് 'കനകനകിണ്ടി' എന്നു പറഞ്ഞുവരുന്നു.

ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിൽ നിത്യവും ധാരാളം ഭക്ത ജനങ്ങൾ ദർശനത്തിനെത്താറുണ്ട്. അതിരാവിലെ നാലുമണിക്ക് തുടങ്ങുന്ന ദർശനം ദിവസം മുഴുവനും നീണ്ടുനിൽക്കുന്നതാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തന്മാർക്ക് മൂന്നുനേരവും ഭക്ഷണം നൽകിവരുന്നു. ഉച്ചനേരത്ത് ഭക്ഷണഹാളിൽ നല്ല തിരക്കുണ്ടാവും.

പ്രസാദം മൊത്തമായും ചില്ലറയായും കൗണ്ടറിൽ വിൽക്കുന്നുണ്ട്. അഞ്ചുരൂപയുടെ തീർഥം മുതൽ നൂറുരൂപയ്ക്കുള്ള കിറ്റുകൾ വരെ വില്പനയ്ക്കുണ്ട്. ലഡുവാണ് പ്രസാദവില്പനയിലെ താരം എന്ന് കുറച്ചുനേരം അവിടെനിന്നപ്പോൾ എനിക്കു മനസ്സിലായി. ഒരെണ്ണത്തിന് പത്തു രൂപയാണ് വില. ലഡുവിന് ഭേദപ്പെട്ട വലുപ്പമുണ്ട്. പ്രസാദകൗണ്ടറിനോടനുബന്ധിച്ച് ദേവീദേവന്മാരുടെ ചില്ലിട്ടതും അല്ലാത്തതുമായ ചിത്രങ്ങളും വിവിധങ്ങളായ മാലകളും തുടങ്ങി ഒരുപിടി സാധനങ്ങൾ വില്പനയ്ക്കുവച്ച സ്റ്റാളുകളുമുണ്ട്. ഇതിന്റെ തൊട്ടുപുറകിൽ ഗോശാലയാണ്. സിമന്റുതറയിൽ അലസമായും കുറ്റികളിൽ ബന്ധിച്ചും ധാരാളം പശുക്കൾ. മിക്കവയും കറവയുള്ളതായിരുന്നു. ഭഗവാന് നിത്യവും പരിശുദ്ധമായ പാലും വെണ്ണയും നെയ്യും തൈരുമെല്ലാം വേണമല്ലോ.

വർഷംതോറും വിവിധങ്ങളായ ഉത്സവങ്ങളും പൂജകളും ക്ഷേത്രത്തിൽ നടക്കാറുണ്ട്. ഏഴുദിവസം നീണ്ടുനിൽക്കുന്ന സപ്‌തോത്സവം എന്ന മകരസംക്രാന്തിപൂജയും രണ്ടുവർഷത്തിലൊരിക്കൽ നടത്തുന്ന 'ശ്രീകൃഷ്ണപൂജദീക്ഷ' എന്ന പര്യായോത്‌സവവും വളരെ വിശേഷമാണ്. ഈ ഉത്സവവേളകളിലെ സുവർണരഥമെഴുന്നള്ളിപ്പ് ഒരു പ്രധാന കാഴ്ചയാണ്. മാധ്വനവമി, രാമനവമി, നരസിംഹജയന്തി, ഭാഗീരഥി ജന്മദിനം, കൃഷ്ണലീലോത്സവം, ഗണേശചതുർഥി, അനന്തചതുർദ്ദശി, സുബ്രഹ്മണ്യഷഷ്ഠി, നവരാത്രിപൂജ, ജാഗരണപൂജ, ലക്ഷ്മീപൂജ, തുളസീപൂജ, ധനുപൂജ തുടങ്ങിയ ഉത്സവങ്ങളെല്ലാം ഇവിടെ വർഷംതോറും ആഘോഷിച്ചുവരുന്നു.

ശ്രീകൃഷ്ണക്ഷേത്രത്തിൽനിന്നും തൊഴുതു പുറത്തിറങ്ങുമ്പോൾ സമയം ഒമ്പതുമണി കഴിഞ്ഞിരുന്നു. ഇതുപോലെ തിരക്കില്ലാതെ മുമ്പൊരിക്കലും ഇവിടെ ദർശനം സാധ്യമായിട്ടില്ല എന്നു സ്വാമി പറഞ്ഞു. ഞങ്ങൾക്കെല്ലാം വിശപ്പ് മൂർധന്യത്തിലെത്തിയിരുന്നു. സ്വാമിയും സംഘവും സ്ഥിരം പോകാറുള്ള ഒരു ഉടുപ്പി ബ്രാഹ്മിൻ ഹോട്ടലിൽ ഞങ്ങളെല്ലാവരും കയറി. ഒരു ഇടത്തരം നാടൻ ചായക്കട പോലെയുണ്ടായിരുന്നു ആ ഹോട്ടൽ. നല്ല വൃത്തിയും നല്ല ഭക്ഷണവും; തൃപ്തിയോടെ ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനത്തി ലേക്ക് യാത്രയായി.